Saturday, September 15, 2012

അബൂബക്കര്‍ ഹാജിയും പെരുന്നാളും

അബൂബക്കര്‍ ഹാജിയും

പെരുന്നാളും


പെരുന്നാളിന് സ്പെഷലായി തയ്പ്പിച്ച ജുബ്ബയും ഇട്ട് അത്തറു പൂശി അബൂബക്കര്‍ ഹാജി പുറത്തേക്കിറങ്ങി. ഡ്രൈവര്‍ കന്തസ്വാമിയെ വിളിച്ച് വണ്ടിയിറക്കാന്‍ ഏര്‍പ്പാടാക്കി.പുതിയ ഇന്നോവ കാര്‍ പെരുന്നാളിനു മുമ്പ് കിട്ടാന്‍ തുക കൂടുതല്‍ മുടക്കേണ്ടി വന്നു................എന്നാലെന്താ............
                                                    ആണുങ്ങളായവരെയെല്ലാം വിളിച്ച് പള്ളിയില്‍ പോകാന്‍ വണ്ടിയില്‍ കയറ്റി. പെണ്ണുങ്ങളെല്ലാം അകത്ത് ബിരിയാണിയുടെ തിരക്കില്‍.
                                              പെരുന്നാള്‍ നമസ്കാരാനന്തരം ഉസ്താദിന്റെ ചെറു പ്രസംഗമുണ്ടായിരുന്നു.വിഷയം എന്നത്തെയും പോലെ പലിശ മുതല്‍, ആര്‍ഭാടം, മദ്യപാനം ഇവയൊക്കെതന്നെയായിരുന്നു.
                                                       ഗള്‍ഫീന്നുണ്ടാക്കിയ പണം ബാങ്കിലിട്ട് അവരു തരുന്നതും വാങ്ങി ജീവിക്കുന്ന താനിനി കച്ചോടം ചെയ്യണമെന്നാണോ ഉസ്താദ് പറയുന്നത് ? ഹാജിയാര്‍ ചിന്തിച്ചു. വയസ്സന്‍മാര്‍ക്കു പലിശമുതല്‍ കുറച്ചൊക്കെ ആവാം.....ഹാജിയാര്‍ മനസ്സില്‍ പറഞ്ഞു.
                                                   പള്ളിക്കമ്മറ്റിയംഗങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ദിന സന്ദേശം നല്‍കാന്‍ അബൂബക്കര്‍ ഹാജിയുടെ ഊഴമായി. ഹാജിയാര്‍ എഴുന്നേറ്റു.
                                            " അസ്സലാമു അലൈക്കും. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.” പറയുന്നതിനിടയില്‍ തന്റെ ജുബ്ബയുടെ കോളര്‍ തയ്ച്ചത് നന്നായിട്ടില്ല എന്ന് ഹാജിയാര്‍ക്കു തോന്നി. ശ്ശൊ! എല്ലാവരും കണ്ടു. 'മോഡേണ്‍ ഫാഷന്‍' എന്ന പേരു കണ്ട് കൊടുത്തതാണ്. നശിപ്പിച്ചു.
                                                                തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഹാജി, ഉസ്താദിന്റെ പ്രസംഗം ഓര്‍ത്തു. 'പെരുന്നാളിനായി കുളിച്ച് പുത്തനുടുപ്പിട്ട് അത്തറു പൂശി ഒരു വഴിയിലൂടെ നടന്നു വന്ന് മറ്റൊരു വഴിയിലൂടെ തിരിച്ചു പോകല്‍ സുന്നത്താണ്.'
                           പരിശുദ്ധ ഇസ്ലാമിന്റെ തിരുസുന്നത്തുകള്‍ അനുസരിക്കുന്ന ഹാജിയാര്‍ തന്റെ മടക്കയാത്ര നാലുകാവു വഴിയാക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യചിഹ്നം പോലെ നിന്ന സ്വാമിയോട് ഹാജി തന്റെ പുത്തന്‍ ഇന്നോവ നാലുപേരു കാണട്ടെ എന്നൂറിചിരിച്ചുകൊണ്ടു പറഞ്ഞു. സ്വാമിക്കും സന്തോഷം. വീട്ടില്‍ വന്ന് ബിരിയാണി കഴിച്ച് ഹാജി തന്റെ പ്രൈവറ്റു റൂമിലേക്കു പോയി. അവിടേക്കു ഡ്രൈവര്‍ കന്തസ്വാമിക്കു മാത്രമേ പ്രവേശനമുള്ളൂ.
                  ഏറ്റവും ഭദ്രമായി സൂക്ഷിച്ച കുപ്പി തത്രപ്പാടോടെ 
 പുറത്തെടുക്കുമ്പോള്‍ ഹാജി വിചാരിച്ചു. ഇവന്‍ വിദേശി.............നല്ലവന്‍...........അകത്തുള്ളത് പുറത്തറിയിക്കില്ല.
 അല്ലെങ്കിലെന്നേ പുകിലാകണ്ടതാ!

                                                           
                                                                     റംല നസീര്‍, മതിലകം.

6 comments: