Thursday, September 27, 2012

വലകള്‍

വലകള്‍
ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍..........
കേള്‍ക്കാത്ത ശബ്ദങ്ങള്‍..............
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................


Monday, September 24, 2012

സത്യം

            സത്യം
ആയിരം നുണകളുടെ തോടിനുള്ളില്‍
വീര്‍പ്പുമുട്ടി കിടക്കയാണത്
നേരമില്ലല്ലോ തുറക്കാന്‍..............
താക്കോല്‍ കാണുന്നില്ലല്ലോ.......
ഈ തോടു തന്നെയല്ലേ ഭംഗി.......
പലരും പലതും പറഞ്ഞു
കടന്നുപോയ്
നിലവറക്കുള്ളില്‍
ആരും കേള്‍ക്കാത്ത
ശബ്ദവുമായ്
പിടഞ്ഞു പിടഞ്ഞ്............
ഒടുവില്‍?
ഇക്കവിതയിലെങ്കിലും
മരിക്കാതിരിക്കട്ടെ സത്യം!

Saturday, September 15, 2012

അബൂബക്കര്‍ ഹാജിയും പെരുന്നാളും

അബൂബക്കര്‍ ഹാജിയും

പെരുന്നാളും


പെരുന്നാളിന് സ്പെഷലായി തയ്പ്പിച്ച ജുബ്ബയും ഇട്ട് അത്തറു പൂശി അബൂബക്കര്‍ ഹാജി പുറത്തേക്കിറങ്ങി. ഡ്രൈവര്‍ കന്തസ്വാമിയെ വിളിച്ച് വണ്ടിയിറക്കാന്‍ ഏര്‍പ്പാടാക്കി.പുതിയ ഇന്നോവ കാര്‍ പെരുന്നാളിനു മുമ്പ് കിട്ടാന്‍ തുക കൂടുതല്‍ മുടക്കേണ്ടി വന്നു................എന്നാലെന്താ............
                                                    ആണുങ്ങളായവരെയെല്ലാം വിളിച്ച് പള്ളിയില്‍ പോകാന്‍ വണ്ടിയില്‍ കയറ്റി. പെണ്ണുങ്ങളെല്ലാം അകത്ത് ബിരിയാണിയുടെ തിരക്കില്‍.
                                              പെരുന്നാള്‍ നമസ്കാരാനന്തരം ഉസ്താദിന്റെ ചെറു പ്രസംഗമുണ്ടായിരുന്നു.വിഷയം എന്നത്തെയും പോലെ പലിശ മുതല്‍, ആര്‍ഭാടം, മദ്യപാനം ഇവയൊക്കെതന്നെയായിരുന്നു.
                                                       ഗള്‍ഫീന്നുണ്ടാക്കിയ പണം ബാങ്കിലിട്ട് അവരു തരുന്നതും വാങ്ങി ജീവിക്കുന്ന താനിനി കച്ചോടം ചെയ്യണമെന്നാണോ ഉസ്താദ് പറയുന്നത് ? ഹാജിയാര്‍ ചിന്തിച്ചു. വയസ്സന്‍മാര്‍ക്കു പലിശമുതല്‍ കുറച്ചൊക്കെ ആവാം.....ഹാജിയാര്‍ മനസ്സില്‍ പറഞ്ഞു.
                                                   പള്ളിക്കമ്മറ്റിയംഗങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ദിന സന്ദേശം നല്‍കാന്‍ അബൂബക്കര്‍ ഹാജിയുടെ ഊഴമായി. ഹാജിയാര്‍ എഴുന്നേറ്റു.
                                            " അസ്സലാമു അലൈക്കും. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.” പറയുന്നതിനിടയില്‍ തന്റെ ജുബ്ബയുടെ കോളര്‍ തയ്ച്ചത് നന്നായിട്ടില്ല എന്ന് ഹാജിയാര്‍ക്കു തോന്നി. ശ്ശൊ! എല്ലാവരും കണ്ടു. 'മോഡേണ്‍ ഫാഷന്‍' എന്ന പേരു കണ്ട് കൊടുത്തതാണ്. നശിപ്പിച്ചു.
                                                                തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഹാജി, ഉസ്താദിന്റെ പ്രസംഗം ഓര്‍ത്തു. 'പെരുന്നാളിനായി കുളിച്ച് പുത്തനുടുപ്പിട്ട് അത്തറു പൂശി ഒരു വഴിയിലൂടെ നടന്നു വന്ന് മറ്റൊരു വഴിയിലൂടെ തിരിച്ചു പോകല്‍ സുന്നത്താണ്.'
                           പരിശുദ്ധ ഇസ്ലാമിന്റെ തിരുസുന്നത്തുകള്‍ അനുസരിക്കുന്ന ഹാജിയാര്‍ തന്റെ മടക്കയാത്ര നാലുകാവു വഴിയാക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യചിഹ്നം പോലെ നിന്ന സ്വാമിയോട് ഹാജി തന്റെ പുത്തന്‍ ഇന്നോവ നാലുപേരു കാണട്ടെ എന്നൂറിചിരിച്ചുകൊണ്ടു പറഞ്ഞു. സ്വാമിക്കും സന്തോഷം. വീട്ടില്‍ വന്ന് ബിരിയാണി കഴിച്ച് ഹാജി തന്റെ പ്രൈവറ്റു റൂമിലേക്കു പോയി. അവിടേക്കു ഡ്രൈവര്‍ കന്തസ്വാമിക്കു മാത്രമേ പ്രവേശനമുള്ളൂ.
                  ഏറ്റവും ഭദ്രമായി സൂക്ഷിച്ച കുപ്പി തത്രപ്പാടോടെ 
 പുറത്തെടുക്കുമ്പോള്‍ ഹാജി വിചാരിച്ചു. ഇവന്‍ വിദേശി.............നല്ലവന്‍...........അകത്തുള്ളത് പുറത്തറിയിക്കില്ല.
 അല്ലെങ്കിലെന്നേ പുകിലാകണ്ടതാ!

                                                           
                                                                     റംല നസീര്‍, മതിലകം.

വേവിക്കുമ്പോള്‍ ആവിയായിപ്പോകുന്നത്..............

വേവിക്കുമ്പോള്‍ ആവിയായിപ്പോകുന്നത്..............


                 ഹോട്ടല്‍ ഹലാലില്‍ നിന്ന് കോഴിക്കറിയും പൊറോട്ടയും വാങ്ങിക്കഴിക്കുമ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. ബാവുണ്ണിക്കയുടെ ചിക്കന്‍ കറി ഒന്നു വേറെ തന്നെ.ഒരെണ്ണം പാഴ്സലായി വീട്ടിലേക്കും എടുക്കാം.

                                       സപ്ലയറെ വിളിച്ച് ഒരു പാഴ്സലിനു ഓര്‍ഡര്‍ ചെയ്യുമ്പോള്‍

ബാവുണ്ണിക്കായുടെ മുഖത്ത് സംതൃപ്തി.

                                                 നല്ല നാടന്‍ കോഴിയാ..........ഇന്നലെ മകളും ഭര്‍ത്താവും മതിലകത്ത് നിന്ന് വന്നപ്പോ കൊണ്ടു വന്നതാ........പറഞ്ഞതത്രയും സത്യം.        അതില്‍ ചില സത്യങ്ങള്‍ ആരുമറിയാതെ ആവിയായിപ്പോയി........

                                               അടച്ചിട്ട കാറില്‍ ചാക്കിലാക്കിയ അഞ്ചു കോഴികള്‍ ശ്വാസം കിട്ടാതെയാണോ ചത്തത്? നല്ലയിനം മുട്ടക്കോഴികള്‍...... വളര്‍ത്താനായില്ലെങ്കിലും കളയേണ്ടി വന്നില്ല............

                                                അന്നു ബില്ലു കൊടുത്ത് പണം വാങ്ങുമ്പോള്‍ പതിവില്ലാതെ ബാവുണ്ണിക്ക അഞ്ചുരൂപ കുറച്ചേ വാങ്ങിയുള്ളൂ!   നൊയമ്പുകാലമല്ലേ ബാവുണ്ണിക്കയും മാറിയിരിക്കാം..........അയാളോര്‍ത്തു.



                                                                  റംല നസീര്‍, മതിലകം.

Tuesday, September 4, 2012

മാര്‍ക്കറ്റിംഗ്


-->

മാര്‍ക്കറ്റിംഗ്

വീടിനുള്ളില്‍ അടുക്കളയില്‍

പറമ്പില്‍ പണിയിടങ്ങളില്‍

തേഞ്ഞു തീരുന്നവര്‍..........

സാധാരണക്കാര്‍..............

എന്തിനു കൊള്ളാം!

ഞാനൊരു കവി,കലാകാരന്‍,

സാമൂഹിക പ്രവര്‍ത്തകന്‍

മേമ്പൊടിക്കു ചില ആദര്‍ശങ്ങള്‍....

ഈയടുത്ത് ഒരവാര്‍ഡും

തരപ്പെടുത്തി.............

നല്ല മാര്‍ക്കറ്റിംഗ്!

റംല നസീര്‍,മതിലകം.

ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും


-->

 ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും



ബീഗം മറിയം റഷീദ തന്റെ ആക്ടീവയില്‍ കുതിച്ചു പാഞ്ഞു. പോലീസ് സ്റ്റേഷന്റെ സന്ദര്‍ശക മുറിയോടു ചേര്‍ത്ത് വണ്ടി നിറുത്തി. സന്ദര്‍ശക മുറിയിലിരിക്കുമ്പോള്‍ അവര്‍ പര്‍ദയുടെ ഷാള്‍ ഒന്നു കൂടി വലിച്ചിട്ട് മുഖത്തിന്റെ പാതിയും മറച്ചു.

ഒരു കോണ്‍സ്റ്റബിള്‍ വന്ന് അവരെ എസ്..യുടെ ക്യാബിനിലേക്കു നയിച്ചു. അവിടെ ബെഞ്ചില്‍ എതിര്‍ കക്ഷികള്‍ - ഭര്‍ത്താവിന്റെ അനിയനും കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു.
ബീഗം മറിയം റഷീദക്കു കരച്ചില്‍ വന്നു. അവള്‍ കൈലേസു കൊണ്ട് കണ്ണുനീരൊപ്പി.
പോലീസ് ഓഫീസര്‍ ഒരു പോസ്റ്റര്‍ എടുത്ത് അവരുടെ നേരെ നീട്ടി.
"ഇതു നിങ്ങള്‍ വരച്ചതാണോ?”
"അതേ സര്‍ ഞാന്‍ വരച്ചതാണ്.”
"കാരണം?”
"ഞാനൊരു കലാകാരിയാണു സര്‍. നന്നായിട്ടില്ലേ സര്‍ ഇത്?”
അതൊരു മൂത്രമൊഴിക്കുന്ന പുരുഷന്റെ നഗ്നചിത്രമായിരുന്നു.............
പുരുഷന്റെ അഴകളവുകള്‍ കൃത്യമായിപ്പതിഞ്ഞ ചിത്രം.
ഛേ! മൂത്രം തളം കെട്ടി കിടക്കുന്നു.
.....................................
ഓഫീസര്‍ക്കു നാണം വന്നു............
ബീഗം മറിയം റഷീദ തന്റെ സെല്‍ഫോണ്‍ ഒരു കയ്യില്‍ പിടിച്ച്
ഓഫീസര്‍ക്കു നേരെ കയ്യുയര്‍ത്തി പറഞ്ഞു തുടങ്ങി.
"ഒരു കലാകാരിയുടെ ആയുധം പേനയാണല്ലോ സര്‍....
ഈ ഇരിക്കുന്ന ആള്‍ എന്റെ വീടിന്റെ ചവിട്ടു പടിയില്‍ നട്ടുച്ചക്കു വന്നിരുന്ന് മൂത്രമൊഴിക്കുന്നു സര്‍.........പുരുഷന്റെ മൂത്രത്തിന്റെ ചൂര് ഇനിക്കറിയാം സര്‍.........”
"വല്ല കുട്ടികളാരെങ്കിലും................?”
"അല്ല സാറേ. ഞാന്‍ ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍ എനിക്കെന്റെ ഭര്‍ത്താവിന്റെ മൂത്രച്ചൂരു വരുന്നു.............ഭര്‍ത്താവ് ഗള്‍ഫിലാണല്ലോ..............അങ്ങേരുടെ അതേ
ചൂര്! അതീ അനിയന്റേതു തന്നെ.”
ഓഫീസര്‍ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു. "ഭര്‍ത്താവ് നാട്ടില്‍ വന്നിട്ട് രണ്ടു വര്‍ഷമായി എന്നല്ലേ പറഞ്ഞത്?അത്രയൊന്നും ദീര്‍ഘിപ്പിക്കരുത്. ഏറിയാല്‍ ഒരു വര്‍ഷം. അതിനിടയില്‍ വന്നു പോകാന്‍ പറയണം കെട്ടോ മറിയം റഷീദ. ഒക്കെ ശരിയായിക്കൊള്ളും.” അയാള്‍ ഒരു സൈക്കോളജിസ്റ്റിനെപ്പോലെ പുഞ്ചിരിച്ചു.
പിന്നെ വാദിയുടെ നേര്‍ക്കു തിരിഞ്ഞു.
              "നിങ്ങളൊരു അധ്യാപകനാണല്ലോ? സ്കൂളില്‍ വികൃതിക്കുട്ടികള്‍ ഉണ്ടാവാതിരിക്കില്ലല്ലോ......വടിയാണെങ്കില്‍ നിരോധിച്ചിരിക്കയല്ലേ? ഞങ്ങള്‍ ജനമൈത്രി പോലീസിന്റെ അവസ്ഥയും ഇതു തന്നെ.എല്ലാം മറന്നു കളഞ്ഞേക്കൂ." ഇന്‍സ്പെക്ടര്‍ അയാളുടെ പുറത്തു തട്ടി.
"പിന്നെ - നഗ്നചിത്രം പുരുഷന്റേതായതിനാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ല! പോരാത്തതിനു പ്രതി ഒരു സ്ത്രീയും..............” ജനമൈത്രീസ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പറഞ്ഞു നിറുത്തി.


റംല നസീര്‍, മതിലകം.

ഫെമിന


-->
ഞാനൊരു ഫെമിനിസ്റ്റ്.........
ഒന്നും പൊറുക്കാത്തവള്‍
മറക്കാത്തവള്‍.........
വറ്റാത്ത പകയുടെ വിഷത്താല്‍
എരിയുന്നവള്‍...........
എന്ത് സ്റ്റേഷനില്‍
പരാതി കൊടുക്കുമെന്നോ?
നീതി വേണമെന്നോ?
നോക്കൂ........കവികളെല്ലാം
പാടുന്നത് എന്നെ പറ്റിയാണ്!
സുഗതകുമാരിയുടെ പാട്ടുകള്‍...
'ലേഡീസ് ഫസ്റ്റ്' ഇതൊന്നും കേട്ടിട്ടില്ലേ?
ഞാനൊരു പാവം പെണ്ണ്
പീഡിത,ഫെമിനിസ്റ്റ്.
നീയെന്റെ വര്‍ഗ്ഗ ശത്രു.

റംല നസീര്‍, മതിലകം.

Sunday, September 2, 2012

ചതുരംഗം

ജയിച്ചല്ലോ എന്റെ തന്ത്രം
ഫലിച്ചല്ലോ എന്റെ മന്ത്രം
ഇരുട്ടത്തു കുത്തും ഞാന്‍
വെളിച്ചത്തില്‍ തടവീടാം

അകത്തെന്തോ ചീയുമ്പോള്‍
പുറത്തെല്ലാം തിളക്കീടാം
പകയുള്ളോര്‍ക്കു നേരെ
തൊടുക്കുവാന്‍ വിഷമുണ്ടേ

ഒളിച്ചാണെന്‍ കളിയെല്ലാം
പിടികൂടാന്‍ കഴിയില്ലാ!

ലഭിക്കട്ടെന്‍ പട്ടമെല്ലാം
കളിയില്‍ ഞാന്‍ ജയിച്ചല്ലോ!


റംല നസീര്‍,മതിലകം.

Monday, August 27, 2012

സുനില്‍ പി. മതിലകം: ഒരെഴുത്തുകാരന്റെ വീട്സുനില്‍ പി. മതിലകംവായനാനുഭ...

സുനില്‍ പി. മതിലകം:
ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭ...
: ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകു...