Tuesday, November 19, 2013

സ്പോണ്‍സേഡ് കവി


സ്പോണ്‍സേഡ് കവി
ചക്കി ചുട്ടെടുത്ത
കരിഞ്ഞ ദോശ നോക്കി
മുന്‍ഷി രാമക്കുറുപ്പ് ചോദിച്ചു
'നിനക്കീ പണി നിറുത്തി
വല്ല കവിതയും എഴുതിക്കൂടേ?'
പറം പണിക്കു നിന്ന
ചങ്കരന്‍ വിളിച്ചു ചോദിച്ചു
'മാഷേ കവയിത്രി ചക്കിയെ
സ്പോണ്‍സര്‍ ചെയ്യാനാരുണ്ട്?'
കുരിശും കുറിയും തട്ടവും
പച്ചയും മഞ്ഞയും കാവിയും
ഇടതും വലതും നടുവും
കവയിത്രിയെ കാത്തു നിന്നു.
കയ്യില്‍ ചൂരലു പോലുമില്ലാതെ
പുതിയ മുന്‍ഷി തല കുനിച്ചു.

Thursday, April 25, 2013

പാഴ്


പാഴ്

നഴ്സറിയിലെ പുതിയ ജനുസ്.
പറഞ്ഞ വിലകൊടുത്ത് വാങ്ങിയതാണ്.
അരുമയായി പാലിച്ച് കാത്തിരുന്നതാണ്.
ആടുകടിച്ച ഇലനോക്കി
അയല്‍ക്കാരോട് വഴക്കിട്ടതാണ്.
ഒടിഞ്ഞ ചില്ലയില്‍
മരുന്നു വച്ചു കെട്ടിയതാണ്...

മതിലുപൊളിച്ച്, ചില്ലകള്‍ പന്തലിച്ച്,
മുറ്റം നിറയെ കരിയിലകള്‍ വീഴ്ത്തി
വേണ്ടാത്തിടത്തെല്ലാം വേരുകളാഴ്ത്തി
നേര്‍ വഴിക്കൊരു തടസ്സമായി
നില്‍ക്കും പാഴിന്നിവനൊരു
കോടാലിക്കൈ തേടുന്നു ഞാന്‍!


Monday, February 18, 2013

ഇരയുടെ സ്വപ്നം (കട്ടന്‍ ചായക്കുള്ളില്‍ നുരയുന്നത്.............)

ഇരയുടെ സ്വപ്നം (കട്ടന്‍ ചായക്കുള്ളില്‍ നുരയുന്നത്.............)


                                            കഥ തുടങ്ങുന്നത് കൃഷ്ണന്‍ കുട്ടിയുടെ ചായപ്പീടികയില്‍ നിന്നാണ്. ഒരു വൈകുന്നേരം ചായ കുടിക്കാന്‍ ചെല്ലുമ്പോള്‍ ചായക്കുള്ള പാലില്‍ കള്ളിന്റെ മണം. കട്ടന്‍ ചായക്കു വിദേശ മദ്യത്തിന്റെ ഗന്ധം.സ്വപ്നത്തിലാണെങ്കിലും സംഗതി മദ്യവില്‍പനയാണ്!
            ഇതുനിയമ ലംഘനമാണല്ലോ..............എവിടെയെങ്കിലും അറിയിക്കണമല്ലോ........എന്നോര്‍ത്താണ് നേരെ എക്സൈസ് ഓഫീസിലേക്കു കയറിച്ചെന്നത്.എക്സൈസ് ഓഫീസര്‍ ഒരു മീറ്റിംഗിനു പോയത്രെ.
                        എന്നാല്‍ പിന്നെ പോലിസ് സ്റ്റേഷനില്‍ പറയാമെന്നു വച്ചു. സബ്ഇന്‍സ്പെക്ടര്‍ ജോസഫ് സര്‍ നഗരത്തില്‍ കവി സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ പോയിരിക്കുന്നു. നേരെ സമ്മേളന നഗരിയിലേക്കു നടന്നു.
                        സബ്ഇന്‍സ്പെക്ടര്‍ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അടുത്തു തന്നെ ഗൗരവത്തില്‍ എക്സൈസ് ഓഫീസറും ഉണ്ട്. കറുത്ത കൂളിംഗ് ഗ്ലാസ് വച്ചിരിക്കുന്നത് കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മുംതാസ് ബീഗമാണ്.
                                                   വേദിയാകെ കൃഷ്ണാ ടീ യുടെ പരസ്യം. എല്ലാത്തിനും സഹായിയായി, ആദ്യാവസാനക്കാരനായി കൃഷ്ണാടീ ഉടമ കൃഷ്ണന്‍കുട്ടിയുമുണ്ടായിരുന്നു! "നല്ലൊരു പരിപാടിയല്ലേ.....എന്റെ വക ചായസല്‍ക്കാരം ഫ്രീ."കൃഷ്ണന്‍കുട്ടി പാലുപോലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
                                                  യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ സബ്ഇന്‍സ്പെക്ടര്‍ ജോസഫ് സാറിനെ അടുത്തുകിട്ടി.കൃഷ്ണന്‍ കുട്ടിയുടെ ചായക്കടയില്‍ പകരുന്നത്  മദ്യമാണെന്ന വിചിത്ര സംഭവം പറഞ്ഞു. ഇതു കേട്ട മുംതാസ് ബീഗം പ്രതിഷേധിച്ചു. "കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ കട എന്റെ കെട്ടിടത്തിലല്ലേ...............അങ്ങനെ ഒരിക്കലും സംഭവിക്കില്ല.”
                            പോലീസ് ഇന്‍സ്പെക്ടറും എക്സൈസ് ഓഫീസറും ചിരിയോടു ചിരി. പിന്നെ പറഞ്ഞു. "എടോ നിങ്ങളയല്‍ക്കാരല്ലേ...........അയല്‍ക്കാരാവുമ്പോ ഒരു പരസ്പര ധാരണയൊക്കെ വേണ്ടേ? ഇവിടെ ഈ വേദിയിലെ ചായസല്‍ക്കാരവും ….....എന്തിന് ഈ കസേരകളും ഡെക്കറേഷനുകളും വരെ കൃഷ്ണന്‍കുട്ടി സ്പോണ്‍സര്‍ ചെയ്തതാണ്.തന്നെ കൊണ്ട് കഴിയുമോ ഇതൊക്കെ?” മുംതാസ് ബീഗം കുലുങ്ങികുലുങ്ങി ചിരിച്ചു.
                                                                     സബ് ഇന്‍സ്പെക്ടര്‍ ജോസഫിന്റെയും എക്സൈസ് ഓഫീസറുടെയും മുംതാസ് ബീഗത്തിന്റെയും കൃഷ്ണന്‍ കുട്ടിയുടെയും മുഖങ്ങള്‍ പെട്ടെന്നാണ് വേട്ടനായ്ക്കളുടെ രൂപമായി മാറിയത്! ഞാന്‍ ഓടി; ഒരു ഇരയെപോലെ. ഇരമ്പുന്ന  വാഹനങ്ങള്‍ക്കുംആളുകള്‍ക്കും ഇടയിലൂടെ.........
                        ഓടിയോടി അവശനായിപ്പോയിരുന്നു ഞാന്‍. ഒടുവില്‍ അഭയം പ്രാപിച്ചത് ഒരു വായനശാലയിലാണ്.ലൈബ്രേറിയന്‍ മുഖം തിരിച്ചപ്പോള്‍ കണ്ടു. ഡിസ്ക്കവറി ചാനലില്‍ കണ്ടിട്ടുള്ള ആഫ്രിക്കന്‍ നരഭോജിയുടെ മുഖം!
                    കയറിപ്പോയില്ലേ, പുസ്തക റാക്കുകള്‍ക്കിടയിലെ ഒരു തടിയന്‍ പുസ്തകത്തില്‍ മുഖം ഒളിപ്പിച്ചു. അവിടെ മണ്ടന്‍ മുത്തപയും മുച്ചീട്ടു കളിക്കാരന്റെ മകള്‍ സൈനബയും ഉണ്ടായിരുന്നു. അവരുടെ ചായക്കടയിലേക്ക് എന്നെ ക്ഷണിച്ചു.പുട്ടും കടലയും നല്ല നാടന്‍ ചായയും അവര്‍ തന്നു. ആശ്വാസം.
                                                               ഞാന്‍ സമാധാനത്തോടെ കണ്ണു തുറന്നു. തലക്കല്‍ ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ തുറന്നിരിപ്പുണ്ടായിരുന്നു! നന്‍മയുടെ ഒരു തുണ്ട് കഥാവസാനത്തിലെങ്കിലും ബാക്കിയാക്കുന്ന ഈ സ്വപ്നം ജീവിതത്തേക്കാള്‍ എത്രയോ ആശ്വാസകരമാണെന്ന് വിസ്മയത്തോടെ ഞാനോര്‍ത്തു.
                    
                                                                                                                    റംലനസീര്‍ മതിലകം.
                                 

Friday, February 8, 2013

തെളിവ്


-->
കവിസമ്മേളനത്തിനു
ക്ഷണിച്ചതിനു നന്ദി.
ഞാന്‍ പുതിയൊരു
ഫയല്‍ വാങ്ങിയിട്ടുണ്ട്.
എന്റെ പേരുള്ള
ഈ നോട്ടീസ്
തീയതി സഹിതം
ഫയല്‍ ചെയ്തു വയ്ക്കാന്‍.
മകളുടെ സ്കൂളില്‍,
രാഷ്ട്രീയ മീറ്റിംഗില്‍,
പോലീസ് സ്റ്റേഷനില്‍,
ഇതൊരു തെളിവാണ്.
കവിയാണെന്നതിന്റെ
ശക്തമായ തെളിവ്!

കവയിത്രി


മുറ്റമടിച്ചു പുരയടിച്ചു
കഞ്ഞിവച്ചു കറി വച്ചു
എല്ലാം ഒതുക്കിയിട്ടുണ്ട്
ഇനിയെങ്കിലും പൊയ്ക്കോട്ടെ
കവി സമ്മേളനത്തിന് !
ഊണിനു മുമ്പേ തിരിച്ചെത്താം.

Thursday, September 27, 2012

വലകള്‍

വലകള്‍
ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍..........
കേള്‍ക്കാത്ത ശബ്ദങ്ങള്‍..............
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................


Monday, September 24, 2012

സത്യം

            സത്യം
ആയിരം നുണകളുടെ തോടിനുള്ളില്‍
വീര്‍പ്പുമുട്ടി കിടക്കയാണത്
നേരമില്ലല്ലോ തുറക്കാന്‍..............
താക്കോല്‍ കാണുന്നില്ലല്ലോ.......
ഈ തോടു തന്നെയല്ലേ ഭംഗി.......
പലരും പലതും പറഞ്ഞു
കടന്നുപോയ്
നിലവറക്കുള്ളില്‍
ആരും കേള്‍ക്കാത്ത
ശബ്ദവുമായ്
പിടഞ്ഞു പിടഞ്ഞ്............
ഒടുവില്‍?
ഇക്കവിതയിലെങ്കിലും
മരിക്കാതിരിക്കട്ടെ സത്യം!